കേരളത്തിൽ കൊല്ലം ജില്ലയിൽ ശൂരനാട്സൗത്ത് പഞ്ചായത്തിൽ പതാരം -മാലുമേൽക്കടവ് റൂട്ടിൽ മിത്രഗിരിയിൽ സ്ഥിതി ചെയ്യുന്ന അതിപുരാതന ക്ഷേത്രമാണ് വൈഷ്ണോദേവി ശനീശ്വര ദേവസ്ഥാനം. സിദ്ധ യോഗീശ്വരന്മാരാൽ പ്രതിഷ്ഠിക്കപ്പെട്ട വൈഷ്ണോ ദേവിയും ശനീശ്വരനുമാണ് ഇതെന്നാണ് ദേവപ്രശ്ന വിധികളാൽ വെളിവാക്കപ്പെട്ടത്.പിതൃഭാവത്തിൽ അനുഗ്രഹം ചൊരിഞ്ഞു കുടികൊള്ളുന്ന ശനീശ്വരന്റെ പൂർണ കായ പ്രതിഷ്ഠയുള്ള ദക്ഷിണ ഇന്ത്യയിലെ ഏക ക്ഷേത്രവും ഇതാണ്. പിതൃ ഭാവത്തിൽ സ്ഥിതി ചെയ്യുന്നതിനാൽ മറ്റുള്ള ശനി ക്ഷേത്രങ്ങളിലെ പോലെ ഭക്തർ വസ്ത്രങ്ങൾ ഉപേക്ഷിച്ചു തിരിച്ചു പോകണ്ട എന്നതാണ് ഇവിടത്തെ പ്രത്യേകത.
ത്രേതാ യുഗ കാലഘട്ടം മുതൽ ഈ ക്ഷേത്രമുണ്ടായിരുന്നു എന്നതിനും പതിനെട്ടു സിദ്ധ യോഗികൾ ഇവിടെ യാഗം നടത്തിയിരുന്നു എന്നതിനും പല തെളിവുകളും ഇവിടെ നിന്നുള്ള ഖനന അവശിഷ്ടങ്ങളിൽ നിന്നും ലഭിച്ചിട്ടുണ്ടായിരുന്നു. കുരുക്ഷേത്ര യുദ്ധ കാലത്തു പാണ്ഡവരും അമ്മയും യുദ്ധ വിജയത്തിനായി ഇവിടെയെത്തി ഉപാസിച്ചിരുന്ന ക്ഷേത്ര വിഗ്രഹ മായിരുന്നു ഇതെന്നും അഖില ഭാരതീയ ആചാര്യസഭ അഭിപ്രായപ്പെട്ടിരുന്നു. ഇതൊരു തന്ത്രിക യാഗ ഭൂമിയായിരുന്നു എന്നത് ഇവിടെ പലതവണ നടന്ന ദേവപ്രശ്ന വിധി പ്രകാരം ഭക്തർ മനസിലാക്കിയിട്ടുണ്ട്. ഇതിനു ഉപോൽബലകമായ തെളിവുകൾ ചരിത്ര ഗവേഷകരും സാക്ഷ്യ പ്പെടുത്തിയിട്ടുണ്ട്.
അതി പുരാതന കാലത്തു കേരളഭൂമിയുടെ നല്ലൊരു ഭാഗം കടലിനടിയിലായിരുന്നു എന്നാണ് പണ്ഡിതന്മാരുടെ ഏക കണ്ഠമായ അഭിപ്രായം. ഒരു കാലത്തു പശ്ചിമ സമുദ്രം ( അറബി ക്കടൽ) സഹ്യ പർവതത്തിന്റെ അടി വാരത്തോളം വ്യാപിച്ചിരുന്നു. കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ കിഴക്കൻ പ്രദേശങ്ങളിൽ പല സ്ഥലങ്ങളിലും കക്ക യുടെയും ശംഖിന്റെയും മറ്റു കടൽ ജീവികളുടെ പുറം തോടുകളുടെ അട്ടികൾ ഉൾപ്പെടെ അവശിഷ്ടങ്ങൾ കാണപ്പെടുന്നത് തന്നെ ഈ പ്രദേശങ്ങൾ ഒരു കാലത്തു കടലിനടിയിൽ ആയിരുന്നു എന്നതിന്റെ മതിയായ തെളിവുകളാണ്.
ദ്വാപര യുഗം അവസാനിച്ചത് മഹാപ്രളയത്തോടെയാണ്. അതുഗ്രമായ ഭൂകമ്പവും കൊടുംകാറ്റും കടൽക്ഷോഭവും ഭൂമുഖത്തിന്റെ ആകൃതി തന്നെ മാറ്റി. ഏറ്റവും വലിയ ക്ഷോഭമുണ്ടായതു പശ്ചിമ സമുദ്രത്തിലും അതിനെ വലയം ചെയ്യുന്ന വൻ കരകളിലും ആയിരുന്നു. സമുദ്ര മധ്യത്തിലുണ്ടായിരുന്ന ദ്വാരക, രമണകം, ശാന്തിമതി തുടങ്ങിയ ദ്വീപുകൾ ഉൾപ്പെടെ പല ഭൂ ഭാഗങ്ങളും ആ ക്ഷോഭത്തിൽ പെട്ടു കടലിനടിയിൽ ആണ്ടുപോയി. സമുദ്രത്തിൽ നിന്നിളകിയ കൊടുംകാറ്റും വേലിയേറ്റവും ഊക്കോടെ കരയ്ക്കടിച്ചു കയറി. ഭൂകമ്പത്തിൽ നിലം പരിശായ ജനപദങ്ങളെ വെള്ളത്തിനടിയിലാക്കി, പലതിനെയും മണ്ണും മണലും കൊണ്ട് മൂടി. പുരാവസ്തു ഗവേഷകന്മാരുടെയും ഭൂഗർഭ വിജ്ഞാനി കളുടെയും പരിശ്രമ ഫലമായി ഈ പ്രദേശങ്ങളിൽ നിന്നും കണ്ടെടുത്തിട്ടുള്ള 5000 വർഷം പഴക്കം ചെന്ന സമുദ്ര ജീവികളുടെയും നാഗരിക ജീവിതത്തിന്റെയും നഷ്ട ശിഷ്ടങ്ങൾ ഐതി ഹാസികമായ ദ്വാപര കലിയുഗ സന്ധിയിലെ പ്രളയത്തെ സമർത്ഥിക്കുന്നു.
ഈ യാഗ ഭൂമിയിൽ ക്ഷേത്രങ്ങളിലെ ആരാധന രീതികളും മറ്റുള്ള ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമാണ്. പ്രസാദമായി ചന്ദനമോ കുങ്കുമമോ വീട്ടിൽ കൊണ്ടുപോകാനായി നൽകാറില്ല. ആവശ്യമുള്ളവർക്ക് തനിയെ എടുത്തു ചാർത്താവുന്നതാണ്. പൂജകളിലും ഹോമങ്ങളിലും പൂജാരിമാരോടൊപ്പം എല്ലാവർക്കും പങ്കെടുക്കാം. അവരവരുടെ ജന്മനക്ഷത്രം അനുസരിച്ചും ദോഷ പരിഹാരത്തിനുമുള്ള ഹോമദ്രവ്യങ്ങളാണ് അർപ്പിക്കാനായി നൽകുന്നത്.
തിഥികളനുസരിച്ചുള്ള അനുഷ്ഠാനങ്ങളും ഉപവാസ വ്രതങ്ങളും പാപ മോചന പ്രാർത്ഥനയുമാണ് മുഖ്യമായിട്ടുള്ളത്. ഉദ്ധിഷ്ട കാര്യ സിദ്ധിക്കായി നീരാഞ്ജന വിളക്കും സമർപ്പണപ്രാർത്ഥനയും കാര്യ സിദ്ധി പ്രദക്ഷിണവും ഇവിടുത്തെ പ്രധാന വഴിപാടാണ്. സർവകാര്യ സിദ്ധിക്കും രോഗ ശാന്തിക്കും ആരോഗ്യ വർദ്ധനവിനുമായി മകരം -കുംഭം മാസങ്ങളിൽ അഷ്ട ദിനവ്രത ശുദ്ധിയോടെ അഷ്ട ദ്രവ്യങ്ങൾ (എള്ള്, ഉഴുന്ന്, ഉലുവ, നെയ്യ്, കടുക്, നാളീ കേരം, ശർക്കര, മഞ്ഞൾ) നീല ഇരുമുടി ക്കെട്ടായി ശനീശ്വര സന്നിധിയിൽ സമർപ്പിക്കുന്ന എട്ടു നോമ്പ് സമർപ്പണം, കർക്കിടക -തുലാം -കുംഭ മാസങ്ങളിൽ അമവാസികളിൽ നടക്കുന്ന പിതൃമോക്ഷ യഗ്നം,പിതൃ ദോഷ നിവാരണത്തിനായി പിതൃ ദോഷ നിവാരണ സുകൃത പൂജ, ഗ്രഹ കാല ദോഷ നിവാരണത്തിനായി ശനീശ്വര കവച പൂജ, കുടുംബ ദോഷ നിവാരണത്തിനും അഷ്ട ഐശ്വര്യ ങ്ങൾക്കുമായി ശശ മംഗള പൂജ, എല്ലാ ശനിയാഴ്ചകളിലും തൈലാഭിഷേകം, ദ്രവ്യ സമർപ്പണം, എന്നിവയാണ് ശനീശ്വര സന്നിധിയിലെ പ്രധാന ആരാധനകൾ. വൈഷ്ണോ ദേവി സന്നിധിയിൽ എല്ലാ ചൊവ്വാഴ്ചകളിലും വെള്ളിയാഴ്ചകളിലും മഹാ ശക്തേയ പൂജ, പൗർണമി പൂജ, അന്നപൂർണേശ്വരി പൂജ എന്നിവയാണ് ആരാധനകൾ.
പഞ്ചമുഖ ഗണപതി സന്നിധിയിൽ അപ്പം മൂടലാണ് പ്രധാന വഴിപാട്.
18 സിദ്ധ യോഗീശ്വരന്മാരുടെ സന്നിധിയിൽ തീർഥാടന ത്തിനായി ഭാരതത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നും വിശ്വാസികൾ എത്തുന്നുണ്ട്